നമ്മുടെ നാടിന്റെ സ്പന്ദനങ്ങളും പ്രതീക്ഷകളും ഉൾക്കൊള്ളിച്ചുകൊണ്ട് “നാട്ടുവാർത്ത” എന്ന പേരിൽ ഒരു പ്രതിമാസ പത്രിക നായത്തോട് കലാ-സാംസ്കാരിക വേദി പുറത്തിറക്കുകയാണ്. ജ്ഞാനപീഠ പുരസ്കാരം നേടിയ മഹാകവി ജി ശങ്കരക്കുറുപ്പിന്റെ ജന്മം കൊണ്ട് പ്രശസ്തിയാർജ്ജിച്ച ഈ ദേശത്തുനിന്നും ഇത്തരത്തിലൊരു സാംസ്കാരിക പത്രിക പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ ചാരിതാർത്ഥ്യമുണ്ട്.

നമ്മുടെ നാട്ടിൽ വ്യത്യസ്ത തുറകളിൽ പ്രവർത്തിച്ച് ഉന്നതിയിലേക്കെത്തിച്ചേർന്ന പലരുമുണ്ട്. ശാസ്ത്ര-വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ-കാർഷിക രംഗത്തും കലാ-കായിക-സാംസ്കാരിക-ഇതര തുറകളിലും വിജയക്കൊടിനാട്ടിയ വ്യക്തിത്വങ്ങളെ നാടിനു പരിജയപ്പെടുത്തുക, പ്രവാസികളായ നാട്ടുകാരുടെ വിശേഷങ്ങളും അവരുമായുള്ള നാടിന്റെ സൗഹൃദവും പങ്കുവയ്ക്കുക, വളർന്നു വരുന്ന പുതു തലമുറയ്ക്ക് ശരിയായ ദിശാബോധം നൽകുക, അവരുടെ വിവിധങ്ങളായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക, സർവ്വോപരി നാടിന്റെ സാംസ്കാരിക ഔന്നത്യം ത്വരിതപ്പെടുത്തുക എന്നതും സാംസ്കാരിക വേദിയുടെ ലക്ഷ്യമാണ്.

ഈ പത്രിക നിങ്ങളുടേതാണ്. ജാതി-മത-രാഷ്ട്രീയ ഉച്ചനീചത്വങ്ങൾക്കതീതമായി എല്ലാ വിഭാഗം ആളുകളേയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഈ പ്രയാണത്തിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കലാ-സാംസ്കാരിക വേദിക്കും വിശിഷ്യാ, “നായത്തോട് ഡോട്ട് കോം” എന്ന വെബ് സൈറ്റിനും നിങ്ങൾ ഇതുവരെ നൽകിയ എല്ലാ പിന്തുണയും സഹകരണവും ഇനിയുമുണ്ടാകുമെന്ന പ്രതീക്ഷയോടെ,

സസ്നേഹം
ചീഫ് എഡിറ്റർ